Saturday, April 30, 2011

ദൈവം സമാധിയില്‍.....!!!


       "തന്‍റെ ആത്മാവിനെ നശ്വരമായ ദേഹത്തില്‍ നിന്നും ഏത് സമയത്ത്‌ മോചിപ്പിക്കണമെന്ന് നേരത്തേ തീരുമാനിച്ച ബാബ തന്റെ അടുത്ത അനുചരന്മാരോടു ഇത് സൂചിപ്പിക്കുകയും, അദ്ദേഹത്തിന്റെ സമാധി സമയം കിറുകൃത്യമായി രേഖപ്പെടുത്തിയ കുറിപ്പ് അദ്ദേഹം എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ കുറിപ്പ് ഇന്ന് ശിഷ്യന്‍ (......ബാബ) മാധ്യമങ്ങള്‍ക്ക് നല്‍കി." ഹൈന്ദവ ആത്മീയ മേഖലയിലെ അവതാര പുരുഷന്‍ സത്യസായി ബാബയുടെ "സമാധി"ശേഷം തീര്‍ച്ചയായും ഇങ്ങനെ ഒരു വാര്‍ത്ത നമ്മളിലേറെപ്പേരും പ്രതീക്ഷിച്ചിരിക്കും. ആ പ്രതീക്ഷയെ അസ്ഥാനത്താക്കി ഇത് വരെ അത്തരത്തിലൊരു വാര്‍ത്തയും റിപ്പോര്‍ട്ടു ചെയ്തതായി കണ്ടില്ല.

        എന്തിരുന്നാലും, ഒരു പക്ഷെ ഇത്രയും നാള്‍ നാം കണ്ടത് ദൈവത്തിന്‍റെ അവതാര പുരുഷനായ സായിബാബയെ ആയിരിക്കും, മരണശേഷം നാം കാണാന്‍ പോകുന്നത്, നശ്വരമായ ദേഹത്തില്‍ നിന്നും ഉയര്‍ത്തപ്പെട്ട സായിബാബയുടെ ആത്മാവ് "അനശ്വരനായ" ദൈവമായി ഭക്ത ലക്ഷങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്നതായിരിക്കും! അതെ, "ബാബ രണ്ടാമന്‍" വെന്‍റ്റിലേറ്റരില്‍" കിടക്കുമ്പോള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുവാനുള്ള യഥാര്‍ത്ഥ ദൈവമായി...! ചരിത്രം പലപ്പോഴും സംഭവിചിട്ടുള്ളതും  അങ്ങനെയാണ്. കാരണം യേശു ക്രിസ്തുവും രാമനുമെല്ലാം ദൈവമായത് മരണ ശേഷമാണല്ലോ!!

        മനുഷ്യരെയും മഹാത്മാക്കളേയും ദൈവമാക്കി അവരില്‍ അഭയം പ്രാപിക്കുന്നവര്‍ അറിഞ്ഞുകൊള്ളുക!!! ചിന്തിച്ചു കൊള്ളുക!!! അങ്ങനെ, ഒരു ദൈവം കൂടി സമധിയായിരിക്കുന്നു, ഇനി നിങ്ങളുടെ ഏതെങ്കിലും കാണപ്പെട്ട ദൈവം ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരും ഒരു പക്ഷെ നിങ്ങള്‍ക്ക് മുമ്പേ സമാധിയായെന്നുവരും കാരണം അതാണ്‌ പ്രകൃതി സത്യം!!!


വാല്‍കഷണം: “നമ്മെയെല്ലാം പോലെ വളി വിടുന്ന ദൈവം”
സോറി, പ്രയോഗം എന്‍റെതല്ല, ദൈവമാണെന്ന്  സ്വയം അവകാശപ്പെട്ട, ഫാത്തിമീ രാജവംശത്തിലെ ഒരു രാജാവിനെപ്പറ്റി മലയാളത്തിന്‍റെ  ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രയോഗമാണിത്.

Monday, April 4, 2011

വര്‍ത്തമാന കാലത്തെ, ചില ജമാഅത്ത് വിവാദങ്ങള്‍!!

    
         നമ്മുടെ വര്‍ത്തമാനം ഇസ്ലാമിക പ്രസ്ഥാനത്തിനെതിരിലുള്ള ചര്‍ച്ചകളാല്‍ അന്തരീക്ഷ മുഖരിതമാണ്....  ഇസ്ലാമിനെ കുറിച്ച് സാമാന്യ ബോധമുള്ളവര്‍ക്ക് ഇതിലൊന്നും സന്ദേഹമുണ്ടാവേണ്ട കാര്യമില്ല. പക്ഷെ, വിമര്‍ശകര്‍ ചില യാഥാര്‍ത്യങ്ങളെ ഉള്‍കൊള്ളേണ്ടിയിരിക്കുന്നു . ഒരു സംഘടന പലരുമായും ചര്‍ച്ച നടത്തേണ്ടിയും വരും. ആരുമായിട്ട് ചര്‍ച്ച നടത്തണം എന്ന സ്വാതന്ത്രമെങ്ങിലും ആ പ്രസ്ഥാനത്തിന് വിട്ടു കൊടുക്കണം. ഇടതു പക്ഷത്തോടുള്ള പിന്തുണയാണ് പ്രശ്നമെങ്ങില്‍, ഇസ്ലാമിക പ്രസ്ഥാനത്തെ രണ്ടു പ്രാവശ്യം നിരോധിച്ച കോണ്‍ഗ്രസുമായി പ്രസ്ഥാനം പല സംസ്ഥാനങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്, ചര്‍ച്ച നടത്തിയിട്ടുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ചു പ്രസ്ഥാനത്തെ പടിക്ക് പുറത്തു നിറുത്തി "കഷായം" കാച്ചിയവരോടും  ഈ അടുത്ത കാലത്ത് വരെ പ്രസ്ഥാനം ചര്‍ച്ച നടത്തിയിട്ടുണ്ട്. അതൊന്നും ഒരു വിഷയമല്ലെങ്ങില്‍ ഇതും ഒരു വിഷയമേ അല്ല.

ഇനി പുതിയ പുറത്തു പോകലുകളാണ്, പുതിയ വിവാദങ്ങള്‍ക്ക് കാരണമെങ്കില്‍ ചിന്തിക്കുന്ന പ്രസ്ഥാനത്തില്‍ അഭിപ്രായ ഭിന്നതക്ക് ഇടമുണ്ട്, തീര്‍ച്ച. പക്ഷെ, ശൂറയിലെ ഭൂരിപക്ഷ തീരുമാനം എന്താണ് എന്ന് ഹമീദ് സാഹിബ്‌ തന്നെ പറയുന്നു. അത് അംഗീകരിക്കല്‍ പ്രസ്ഥാന പ്രവര്‍ത്തകന്റെ ബാധ്യതയാണ്. ഇതില്‍ അദ്ധേഹത്തിനു അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് അദ്ധേഹത്തിനു പ്രസ്ഥാനത്തില്‍ തുടരാം. തുടരാന്‍ കഴിയില്ലെങ്കില്‍ പുറത്തു പോകാം. അദ്ദേഹം പോകാന്‍ തീരുമാനിച്ചു, അദ്ധേഹത്തിന്‍റെ നിലപാടും പറഞ്ഞു. ഇസ്ലാമിക പ്രസ്ഥാനം കഴിഞ്ഞ 70 വര്ഷം കടന്നു പോയത്, ശക്തമായ ആശയ സംഘട്ടനത്തിലൂടെയും ഇത്രത്തോളം ആശാവഹമല്ലാത്ത സാഹജര്യത്തിലൂടെയുമാണ് എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ശക്തമായ അഭിപ്രായ വിത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതില്‍ പലരും പുറത്തു പോയിട്ടുണ്ട്. പലരും കടന്നു വന്നിട്ടുണ്ട്.  അതുമല്ലെങ്ങില്‍, ഇസ്ലാമിക ചരിത്രത്തില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉടലെടുക്കാത്ത ഏതു "ജമാഅ"(കൂട്ടായ്മ)യാണ് ഉണ്ടായിട്ടുള്ളത്. ഇല്ലെങ്ങില്‍ ഇസ്ലാമിക ചരിത്രത്തില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഇല്ലാത്ത ഏതു കാലഘട്ടമാണ് ഉണ്ടായിട്ടുള്ളത്. ഇല്ല എന്ന് തന്നെയാണ് ചരിത്രം നമുക്ക് കാണിച്ചു തരുന്നത്.

കാരണം, ഇസ്ലാമിക പ്രസ്ഥാനങ്ങളെ മുന്നോട്ടു നയിച്ചിരുന്നത്  മരുമക്കത്ത സമ്പ്രദായത്തിലൂടെയോ, തറവാട്ടു പാരമ്പര്യത്തിലൂടെയോ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം.  അതിനു എല്ലാ കാലത്തും ശക്തമായ കൂടിയലോചനാ സമിതികളും സംവിധാനങ്ങളും അവയ്ക്കൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രപഞ്ചത്തോളം വിശാലമായ ഇസ്ലാമിക പരിതസ്ഥിതിയില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയോളം വിശാലമായ മറ്റൊരു പരിതസ്ഥിതിയെ ഭ്രമണം ചെയ്യേണ്ട ദുരവസ്ഥ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുണ്ടാവരുത്. വ്യക്തി ബിംബങ്ങളുടെ വാക്കുകളെ വേദവാക്യങ്ങളായി സ്വീകരിക്കേണ്ട അവസ്ഥയും ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുണ്ടാകരുത്. അത്കൊണ്ട് തന്നെ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ ഭിന്നിപ്പിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ സ്വന്തം അകത്തളങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. മേല്‍ പറഞ്ഞ ദുരവസ്ഥകള്‍ നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ടെങ്ങില്‍  പുനര്‍വിചിന്തനത്തിനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.

പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഈ സംഭവം അല്പം വേദന ഉണ്ടാക്കിക്കാണും, സ്വാഭാവികമാണ്. സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, ഡോ. ഇസ്രാര്‍അഹ്മദ്.... തുടങ്ങി ധിഷണാ ശാലികളായ മഹാ പണ്ഡിതന്മാരും പ്രഗല്‍ഭ നേതാക്കളും പ്രസ്ഥാനത്തില്‍ നിന്നകന്നു. ജീവിച്ചിരുന്ന അന്നും, മരിച്ചതിനു ശേഷവും പ്രസ്ഥാനം അവരോടു അങ്ങേയറ്റത്തെ ആദരവ് കാണിച്ചു. ഒരേ വേദിയില്‍ അവരോടൊത്ത് ചേര്‍ന്നു. അവരുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ദീകരിച്ചു, അവ വായിക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. മരണാനന്തരം അനുസ്മരണങ്ങളും സ്പെഷ്യല്‍ പതിപ്പുകളുമിറക്കി......  അതുപോലെ തന്നെയാണ് ഈ സംഭവവും. ജമാത്ത്‌ ചിലപ്പോള്‍ ഇടതുപക്ഷത്തിനു തന്നെ വോട്ട് ചെയ്യും. ആരുമായിട്ടും യോജിക്കാവുന്ന വിഷയങ്ങളില്‍ യോജിച്ചും വിയോജിക്കേണ്ടിടത് വിയോജിച്ചും പ്രസ്ഥാനം അതിന്‍റെ പ്രയാണം തുടരും.

വിമര്‍ശിക്കുന്നവരോട് മാന്യമായി പ്രതികരിക്കാനും സംഘടന വിട്ട് പുറത്ത് പോകുന്നവരോട് വളരെ മാന്യമായി, ഗുണകാക്ഷയുടെ സമീപനം മാത്രം കൈകൊള്ളുവാനും അവരുടെ നന്മക്കു മാത്രം പ്രാര്‍ഥിക്കുവാനും നമുക്ക് മനസ്സുണ്ടാവണം. ജമാ‍അത്തിന്റെ ഇന്നേവരെയുള്ള ചരിത്രവുമതാണ്. അല്ലാഹു ഈ പ്രസ്ഥാനത്തെ ശക്തിപെടുതട്ടെ....!!!