Sunday, March 6, 2011

"പള്ളി പണിഞ്ഞു സായൂജ്യമടയുന്നവര്‍"

        പ്രവാചക കാലഘട്ടത്തില്‍ തന്നെ അനുയായികള്‍ പ്രവാചകന്‍റെ ഉമനീര്‍, വിയര്‍പ്പ്, മുടി തുടങ്ങിയവ രോഗ ശമനത്തിനും മറ്റുമായി ഉപയോഗിച്ചിരുന്നു എന്നും, അതിന് അവര്‍ കല്‍പിച്ചിരുന്ന പ്രാധാന്യവും നമുക്ക് കാണാന്‍ കഴിയും. പ്രവാചക കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് മാത്രം കിട്ടിയിരുന്ന ഒരു അപൂര്‍വ അനുഗ്രഹമായിരുന്നു അത്. എന്നാല്‍ ആ അനുഗ്രഹം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കോഴിക്കോട് വച്ച് നേടാനുള്ള ഒരു അപൂര്‍വ അവസരമാണ് കാന്തപുരം ഉസ്താദ്, നാല്പതു കോടി ചെലവ് വരുന്ന ഈ പള്ളി നിര്‍മാണത്തിലൂടെ കേരള മുസ്ലിംകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. ലക്ഷങ്ങള്‍ ചിലവഴിച്ചു സ്വലാത്ത് നഗറിലെ തേന്‍ വാങ്ങുന്ന ഉസ്താദിന്‍റെ ഭക്ത ജനങ്ങള്‍, ഈ അപൂര്‍വ്വ  അവസരം ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ ചിലവഴിക്കും എന്ന് നല്ല ദീര്‍ഘ വീക്ഷണമുള്ള "ഈ ആത്മീയ വ്യവസായി" മനസ്സിലാക്കിയിരിക്കുന്നു. അത് തന്നെയാണ് ഈ പള്ളി നിര്‍മാണത്തിന്റെ പിന്നിലുള്ള "സത്" ഉദ്ദേശ്യവും. അവിടെ തുടങ്ങുന്നു നമുക്ക് അദ്ധേഹത്തിന്റെ ഉദ്ധേശ ശുധിയിലുള്ള സംശയവും.



        ഈ പള്ളി കേരളത്തില്‍ ഉയരുന്നതോട് അല്ലെങ്ങില്‍ അവിടെ കേശ പൂജ തുടങ്ങുന്നതോട് കൂടി ഇന്ത്യയിലെ, ഏറ്റവും വലിയ "ഏര്‍വാടിയും, അജ്മീരുമായി" നമ്മുടെ കോഴിക്കോടും മാറിയെന്നു വരും, ചിലപ്പോള്‍ ഒരു സാംസ്കാരിക നിലയ പരിവേഷവും ലഭിച്ചേക്കാം. ഈ റെക്കോര്ഡ് തകര്‍ക്കാന്‍ ഇതിലും വലിയ പള്ളിയുമായി, പല പള്ളി നിര്‍മാണ സംഘടനകളും ഇറങ്ങിത്തിരിച്ചേക്കാം. 'പ്രവാചക കേശത്തിന്' പകരം പ്രവാജകന്റെ പേരില്‍ മറ്റു പലതും അവിടെ സ്ഥാപിക്കപ്പെട്ടേക്കാം.അപ്പോഴും ഉസ്താദുമാരെ കാണുമ്പോള്‍ തക്ബീര്‍ വിളിച്ച്, കൈപ്പുറം മുത്തി വിശക്കുന്ന അരമുണ്ട് മുറുക്കി കെട്ടി, മക്കളുടെ വിശപ്പടക്കാനുള്ള നാണയ തുട്ടുകള്‍ പിരിവു പാത്രത്തിലേക്ക് വലിച്ചെറിയുന്ന പമ്പര വിഡ്ഢികളായ അല്ലെങ്ങില്‍ വിഡ്ഢികളാക്കപ്പെട്ട ഒരുപറ്റം പാവങ്ങള്‍ നേര്ച്ച ചോറിനു മാത്രം വിധിക്കപ്പെട്ടു കഴിഞ്ഞുകൂടുന്നുണ്ടാകും. മക്കളുടെയും അവരവരുടെയും ദാമ്പത്യ, സന്താന സൗഭാഗ്യങ്ങളായിരിക്കും എറിഞ്ഞു കൊടുക്കുന്ന ഓരോ നാണയ തുട്ടുകളിലും അവര്‍ കാംക്ഷിക്കുന്ന പ്രതിഫലം. എന്നിട്ടും അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാത്ത മുഴങ്ങിക്കൊണ്ടിരിക്കുന്ന ബാങ്കുവിളികളെപ്പോലെ, ദാമ്പത്യ ഭാഗ്യം ലഭിക്കാതെ യുവതികളും, സന്താനലബ്ധി ലഭിക്കാതെ ദമ്പതികളും കത്തിരിക്കുന്നുണ്ടാകും. അതുകൊണ്ടാണ്, സ്മാര്‍ട്ട് സിറ്റിയെക്കാലും, ടെക്നോ പാര്‍ക്കിനെക്കാളും വ്യാവസായിക വളര്‍ച്ചയുള്ള മേഘലയായി ഈ "ആത്മീയ വ്യവസായം" മാറികൊണ്ടിരിക്കുന്നതും. അതുതന്നെയാണ് ഇത്തരം സംരംഭങ്ങളുമായി പൌരോഹിത്യം ഇറങ്ങിതിരിക്കാനുള്ള കാരണവും.

        എന്തിരുന്നാലും തിരുകേശ ദര്‍ശനതിനെത്തുന്നവരുടെ, കയ്യിലെ കാണിക്കകളും, അവരുടെ കയ്യിലെ നോട്ടുകളും, നാണയ തുട്ടുകളും, അതിലുപരി സ്ത്രീഭക്തരുടെ പക്കല്നിന്നുള്ള മാലയും, വളയും സംഭാവന പെട്ടികളില്‍ വന്നു നിറയുമ്പോള്‍, അതങ്ങനെ നാല്പതും എന്പതും നൂറുമൊക്കെ ആകുമെന്ന താങ്കളുടെ കണക്കു കൂട്ടല്‍ തന്നെയാണ് ഈ "ആത്മീയ വ്യവസായമെന്ന" കച്ചവടതിനുമുള്ള ഉള്‍പ്രേരണ. അതു തന്നെയാണ് പള്ളിയില്‍ സുജൂദ് ചെയ്യാന്‍ അനുവദിക്കാതെ അകറ്റി നിര്‍ത്തുന്ന സ്ത്രീ സമൂഹത്തെ തന്നെ, ഈ കച്ചവടത്തിന്റെ പ്രാധാന ഉപഭോക്താക്കളാക്കി മാറ്റുന്നതിലുള്ള ഉദ്ദേശ്യവും. അങ്ങ് മക്കയില്‍ തന്‍റെ ചെറ്റക്കുടിലില്‍ പുറത്തു ഈന്തപ്പനയുടെ പാടുകളുമായി ഉണര്ന്നെണീറ്റിരുന്ന പ്രവാചകന്‍റെ, തിരുശരീരത്തില്‍ നിന്നുള്ളത് എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ തിരുകേശതിനെങ്ങിലും ഇങ്ങനെ "ഒരു ലക്ഷ്വറി പള്ളിയില്‍" സംരക്ഷണം നല്‍കാന്‍ കഴിഞ്ഞതില്‍ എന്തായാലും മുസ്ലിം സമുദായത്തിന് അഭിമാനിക്കാം. അതല്ലെങ്ങില്‍, ഇത്തരം മസ്ജിദ് ളിറാറിനെ പോലോത്ത പള്ളികള്‍ നിര്‍മിച് സായൂജ്യമടയുന്നതിനു പകരം, അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാതെ മുഴങ്ങിക്കൊണ്ടിരിക്കുന്ന ബാങ്കുവിളികളുയര്‍ത്തി സമുദായത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതിനു പകരം പൌരോഹിത്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പോളിചെറിഞ്ഞു പണ്ഡിതന്മാര്‍ ജനമധ്യത്തിലേക്ക് ഇറങ്ങിത്തിരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

1 comment: